ഒരാഴ്ച മുമ്പ് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഇന്ത്യയിലെ 2024ലെ കുറ്റകൃത്യങ്ങളുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അതു പരിശോധിക്കുകയാണെങ്കിൽ 147 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇത്രയും കേസ് മാത്രമല്ലേയുള്ളൂ എന്നു കരുതി നമ്മൾ ആശ്വസിച്ചുപോകും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഗണ്യമായ രീതിയിൽ കുറഞ്ഞു എന്ന വലിയ വാർത്ത സൃഷ്ടിച്ച് കൈയടി നേടാൻ ശ്രമിക്കുമ്പോൾ തങ്ങൾക്ക് പരാതിയില്ലെന്നാരു പറഞ്ഞു എന്നുചോദിച്ചുകൊണ്ട് സ്ത്രീകൾ വിലപിക്കുന്ന കാഴ്ചയാണ് നമുക്കു ചുറ്റും.
17 മിനിറ്റിൽ ഒരു കൊലപാതകവും 18 മിനിറ്റിൽ ഒരു ബലാത്സംഗവും 42 മിനിറ്റിൽ സ്ത്രീകൾക്കെതിരായ ഒരതിക്രമവും ഓരോ മിനിറ്റിലും ഓരോ കവർച്ചയും അഞ്ചു മിനിറ്റിൽ കൂട്ടക്കവർച്ചയും നടക്കുന്ന ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 19,000 പോലീസ് സ്റ്റേഷനുകളിലായി രണ്ടുകോടി പരാതികൾ മാത്രമാണെത്തുന്നത്. അതിൽ എഫ്ഐആർ ഇടുന്നത് ഏകദേശം 60 ലക്ഷവും. ഗാർഹികപീഡനങ്ങൾ നേരിടുന്ന സ്ത്രീകളുടേതുൾപ്പെടെ 82 ലക്ഷം ഫോൺ പരാതികൾ വേറെയുമുണ്ട്.
ഇന്ത്യയിൽ ആകെയുള്ള 60 ലക്ഷം എഫ്ഐആറിൽ നാലര മുതൽ അഞ്ചു ലക്ഷം വരെ രജിസ്റ്റർ ചെയ്യുന്നത് മൂന്നരക്കോടി ജനങ്ങൾ മാത്രമുള്ള കേരളത്തിലാണ്. ബാക്കി വരുന്ന 27 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളിലുംകൂടി 55 ലക്ഷവും. 24 കോടി ജനങ്ങളുള്ള ഉത്തർപ്രദേശിൽ നാലര ലക്ഷത്തിനു താഴെ മാത്രം!
അതിനർഥം, പരാതിയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നില്ല എന്നുതന്നെയാണ്.147 കോടി ജനങ്ങളുള്ള ഇന്ത്യയിൽ വിവിധ കുറ്റകൃത്യങ്ങളിൽ പരാതിപ്പെട്ടവർ ആകെ രണ്ടു കോടി മാത്രമേയുള്ളൂവെന്നത് തീർത്തും അവിശ്വസനീയമാണ്.
കേരളത്തിൽ ഹെൽപ് ലൈനിൽ ജോലി ചെയ്തിരുന്ന ഒരു പോലീസുകാരൻ എന്നോടു പറഞ്ഞത്, ഓരോ മിനിറ്റിലും ഒരു പരാതിയെങ്കിലും ദിവസേന ലഭ്യമാകുന്നുണ്ടെന്നാണ്. രാത്രി പത്തിനും രണ്ടിനുമിടയിൽ അതിന്റെ ഇരട്ടിയാണെന്നും ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളാണ് പരാതിക്കാരിൽ അധികമെന്നും പറയുമ്പോൾ ഇന്ത്യയൊട്ടാകെ ഒരുവർഷം 82 ലക്ഷം പരാതികൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്നുപറയുന്നത് തീർത്തും ശരിയല്ല. മറ്റു സംസ്ഥാനങ്ങളിലുള്ളവർ ഒന്നുകിൽ ഭയം കാരണം പരാതിപ്പെടുന്നില്ല, അല്ലെങ്കിൽ വിളിച്ചിട്ടും പരാതിപ്പെട്ടിട്ടും ഒരു കാര്യവുമില്ല എന്നു കരുതുന്നുണ്ടാവും.
കേസുകളുടെ എണ്ണത്തിൽ കുറവു വന്നതിന്റെ കാരണങ്ങളിലൊന്ന് പോലീസ് സ്റ്റേഷനുകളിൽ വരുന്ന പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല എന്നതാണ്. ഉദാഹരണത്തിന് ലഹരി ഉപയോഗം സംബന്ധിച്ച കേസുകൾ നോക്കുക. ചെറിയ സംസ്ഥാനമായ കേരളത്തിൽ ഒരു ലക്ഷം കേസുകളുള്ളപ്പോൾ ഉത്തർപ്രദേശിലത് 15,000 മാത്രം! പത്തുകോടി ജനങ്ങളുള്ള ബംഗാളിൽ ആറായിരവും! അവിടങ്ങളിൽ ആരും ലഹരിവസ്തുക്കൾ ഉപയാഗിക്കാത്തതുകൊണ്ടൊന്നുമല്ല. മറിച്ച്, കേസുകൾ രജിസ്റ്റർ ചെയ്യപ്പെടാത്തതുകൊണ്ടു മാത്രമാണ്. അഞ്ചു ഗ്രാം കഞ്ചാവുപോലും കേരളത്തിൽ കേസിനു കാരണമാകുമ്പോൾ മറ്റു സംസ്ഥാനങ്ങൾക്ക് ഇതൊന്നും വലിയ കാര്യമല്ലേ എന്നു ഞാൻ സംശയിച്ചുപോകുന്നു.
ഇനി കേസുകൾ കോടതിയിൽ എത്തിയാലത്തെ അവസ്ഥയും ദയനീയമാണ്. കേസുകൾ തീപ്പാക്കുന്നതിന് കാലതാമസമുണ്ടാവുകയും വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്നത് വെറും പതിനേഴു ശതമാനം മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. ബലാത്സംഗം പോലുള്ള കേസുകളിൽ (ഒരു വർഷത്തിൽ ഏകദേശം 30,000) ഇത് 27 ശതമാനം പോലുമാകുന്നില്ല. ഈ അവസ്ഥയിൽ ആരാണ് പരാതിപ്പെടുക? ന്യായവും നീതിയും കിട്ടുമെന്ന പ്രതീക്ഷ സ്ത്രീകൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എന്തിന് വെറുതേ പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങണം എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ.
ആളുകളുടെ എണ്ണം കൂടുമ്പോൾ കുറ്റകൃത്യം കൂടുമെന്നത് യാഥാർഥ്യമാണ്. പക്ഷേ, കേരളത്തിലൊഴികെ മറ്റെല്ലായിടത്തും കുറ്റകൃത്യം കുറവാണെന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവ ശ്രമമായിത്തന്നെ ഇതിനെ കാണണം. കേരളത്തിലുള്ളവർ മുഴുവൻ കുറ്റവാളികളായതുകൊണ്ടല്ല; മറിച്ച്, ഇവിടെ സ്ത്രീകളുൾപ്പെടെ ഏതൊരാളിനും പോലീസ് സ്റ്റേഷനിൽ പോകാനോ പരാതിപ്പെടാനോ ഭയമോ മടിയോ ഇല്ലെന്നതാണ് കാരണം. മാത്രമല്ല നാട്ടുകാരും പ്രാദേശിക സംഘടനകളും ആക്ഷൻ കമ്മിറ്റികളും വെറുതേയിരിക്കുകയുമില്ല. കുറ്റകൃത്യം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന സ്ഥിതിവിശേഷവുമുണ്ട്.
മറ്റിടങ്ങളിൽ രാഷ്ട്രീയക്കാരും നിയമപാലകരും നാട്ടുകാരുമെല്ലാം ആഗ്രഹിക്കുന്നത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞിരിക്കണം എന്നാണ്. അപ്പോൾ കുറവു വരികയല്ല, കുറച്ചു കാണിക്കുകയാണ്. അതുകൊണ്ടുതന്നെ 2024ൽ സ്ത്രീകൾക്കെതിരായ കേസുകൾ കുറഞ്ഞുവെന്ന നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ നിഗമനം തെറ്റാണ്. ഇങ്ങനെ എണ്ണം കുറച്ചുകാണിക്കുന്നത് പോലീസുകാർക്ക് കേസെടുക്കാതിരിക്കാനുള്ള ഒരു ഉപാധി മാത്രമായിത്തീരും. കേസുകളുടെ കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തുന്ന കേരളത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്.
ഇന്ത്യാ രാജ്യത്ത് കുറ്റകൃത്യങ്ങളൊന്നുമില്ല എന്ന നമ്മുടെ ചിന്താഗതിക്ക് മാറ്റം വന്നേ മതിയാവൂ. ഇങ്ങനെ പോവുകയാണെങ്കിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ വല്ലാത്ത തകരാറിലായിരിക്കും ചെന്നെത്തുക. അതുകൊണ്ട് ന്യായാധിപരുടെയും പോലീസുകാരുടെയും എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്യണം. അതോടൊപ്പം, ഭയപ്പെടാതെ പരാതിപ്പെടാനുള്ള സൗകര്യം ഉണ്ടാവുകയും പരാതിക്കാർക്ക് നീതി ലഭ്യമാക്കുകയും വേണം.